എടപ്പാൾ : ടൗണിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇനിയും പൂർത്തീകരിക്കാനായില്ല. കുറ്റിപ്പുറം റോഡിലും തൃശൂർ റോഡിലും നിന്നുള്ള പൈപ്പുകൾ ജംക്‌ഷനിൽ സംഗമിച്ച് പൊന്നാനി റോഡിലേക്ക് പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇവിടെ 3 കൾവർട്ടുകൾ ഉള്ളതിനാൽ ബെൻഡ് സ്ഥാപിച്ച് പൈപ്പുകൾ ഘടിപ്പിക്കേണ്ടതുണ്ട്. വാഹനങ്ങൾ നിരന്തരം കടന്നു പോകുന്നതിനാൽ രാത്രി സമയങ്ങളിൽ മാത്രമാണ് ഇവിടെ ജോലികൾ നടത്താൻ കഴിയൂ. ഇതിനായി ടൗണിലെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. നിലവിൽ മിക്ക സമയങ്ങളിലും ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. വൈദ്യുതി വകുപ്പിന്റെയും സ്വകാര്യ കമ്പനികളുടെയും കേബിളുകൾ മണ്ണിന് അടിയിലൂടെ കടന്നു പോകുന്നതിനാൽ ഏറെ ശ്രദ്ധയോടെ മാത്രമേ ഇവിടെ ജോലികൾ നടത്താൻ സാധിക്കൂ എന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. ജംക്‌ഷന് നടുവിൽ കുഴിയെടുത്തതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.ഏതാനും ദിവസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തീകരിച്ച് റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.