തിരൂർ : തൊട്ടടുത്ത് ബസ് സ്റ്റോപ്പുണ്ടായിട്ടും കെഎസ്ആർടിസി അടക്കമുള്ള ബസുകൾ നിർത്തുന്നത് സീബ്രാ ലൈനിൽ. തിരൂർ താഴേപ്പാലത്ത് എസ്ബിഐ ബാങ്കിനു എതിർവശത്താണ് ഈ കാഴ്ച. സ്കൂളിലേക്കും ബാങ്കിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കുമായി ഒട്ടേറെ പേരാണ് റോഡ് മുറിച്ചു കടക്കുന്നത്.സീബ്രാലൈൻ അടുത്ത കാലത്ത് വീണ്ടും പെയ്ന്റ് അടിച്ചിരുന്നു. എന്നാൽ തിരൂരിൽ നിന്ന് കുറ്റിപ്പുറത്തേക്കും ചമ്രവട്ടത്തേക്കും പൊന്നാനിയിലേക്കും വെട്ടത്തേക്കും പുറത്തൂരിലേക്കുമെല്ലാമുള്ള ബസുകൾ നിർത്തുന്നത് ഈ സീബ്രാ ലൈനിനു മുകളിലാണ്.ഒരു ബസ് പോയാൽ ഉടൻ അടുത്ത ബസെത്തി ഇവിടെ നിർത്തുന്ന സ്ഥിതിയാണ്.കെഎസ്ആർടിസി ബസ് പോലും ഇവിടെയാണ് നിർത്തുന്നത്. സീബ്രാ ലൈനിനു ശേഷം 10 മീറ്ററോളം മാറിയാൽ ബസ് സ്റ്റോപ്പുണ്ട്. ചില ബസുകൾ മാത്രമാണ് ഇവിടെയെത്തി ആളെയിറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇക്കാര്യം പല തവണ ശ്രദ്ധയിൽപെടുത്തിയിട്ടും ട്രാഫിക് പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് പ്രദേശത്തുള്ളവരും കാൽനട യാത്രക്കാരും പറയുന്നത്. കഴിഞ്ഞ ദിവസം പൂക്കയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി വന്നിടിച്ച് വീട്ടമ്മയുടെ കാൽ മുറിഞ്ഞു പോയിരുന്നു.