എടപ്പാൾ : ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മാ ജ്യോതിബ ഫൂലെ നാഷണൽ ഫെലോഷിപ്പ് അവാർഡ് എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ ജുബൈർ വെള്ളാടത്തിന് അക്കാദമിയുടെ ദേശീയസമ്മേളനത്തിൽവെച്ച് അക്കാദമി പ്രസിഡന്റ് ഡോ. സോഹൻ ലാൽ സുമനാക്ഷർ സമ്മാനിച്ചു.വിജ്ഞാനസാഹിത്യ വിഭാഗത്തിൽ എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ എന്ന ചരിത്രപഠന പുസ്തകത്തിന്റെ രചനയ്ക്കാണ് പുരസ്‌കാരം. പോട്ടൂർ സ്വദേശിയായ ജുബൈർ വെള്ളാടത്ത് രണ്ടരപ്പതിറ്റാണ്ടായി യു.എ.ഇ.യിലെ അബുദാബിയിൽ ജോലിചെയ്യുന്നതോടൊപ്പം സാംസ്‌കാരിക-സാഹിത്യ പ്രവർത്തനം നടത്തുന്നയാളാണ്. അക്ഷരജാലകം സാംസ്‌കാരിക കൂട്ടായ്‌മയുടെ ഓവർസീസ് പ്രസിഡന്റും അക്ഷരജാലകം ബുക്‌സ് എഡിറ്റോറിയൽ ബോർഡ് അംഗവും അബുദാബി അക്ഷര സാഹിത്യക്ലബ്, അബുദാബി ഐ.ഐ.സി. ലിറ്റററി വിങ് തുടങ്ങിയവയുടെ പ്രവർത്തകനുമാണ് ജുബൈർ.