പൊന്നാനി : ബസ് സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ കൊല്ലൻപടി വരെ സർവീസ് നടത്താൻ തീരുമാനം. കൊല്ലൻപടി സെന്ററിൽനിന്ന് ഉറൂബ് നഗർ വരെയുള്ള ഭാഗത്തേക്ക് ബസ് സർവീസ് ഉണ്ടാകില്ല. പി. നന്ദകുമാർ എം.എൽ.എ. ബസുടമകളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉറൂബ് നഗറിൽ റോഡ് അടച്ചതോടെ ബസുകൾ കൊല്ലൻപടിയിലെത്താതെ പള്ളപ്രത്തുനിന്ന് സർവീസ് റോഡ് വഴി ചന്തപ്പടിയിലെത്തുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ കൊല്ലൻപടി സെന്റർ വരെ എത്തുകയും കവിമുറ്റം ചുറ്റി പള്ളപ്രത്തേക്കുതന്നെ തിരിച്ചുപോകും.ഇവിടെനിന്ന് സർവീസ് റോഡിലൂടെ ചന്തപ്പടിയിലേക്കെത്താനാണ് തീരുമാനം.ദേശീയപാതയിൽ അടിപ്പാതയില്ലാത്തതിനാൽ കൊല്ലൻപടി വഴിയെത്തുന്ന ബസുകൾ ഉറൂബ് നഗറിൽനിന്ന് പള്ളപ്രം വഴി സർവീസ് റോഡിലൂടെ ചന്തപ്പടി ഭാഗത്തേക്ക് പോകണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദേശം. ഇതിന് ബസുടമകൾ വിസമ്മതിച്ചതോടെയാണ് കൊല്ലൻപടിയിൽ പോയി തിരിച്ചുവരാൻ തീരുമാനിച്ചത്. കൊല്ലൻപടി സെന്ററിൽ ബസുകൾ തിരിക്കാൻ അടിയന്തരമായി സൗകര്യമൊരുക്കും.പുതിയ തീരുമാനം നടപ്പാക്കുന്നത് നിരീക്ഷിക്കാൻ നഗരസഭ പോലീസ്, ആർ.ടി.ഒ. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എം.എൽ.എ. ബസ് ഉടമകളുടെയും ജനപ്രതിനിധികളുടെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും ദേശീയപാത കരാറുകളുടെയും സംയുക്തയോഗമാണ് വിളിച്ചത്.നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷൻ ഷീന സുദേശൻ, സംയുക്ത ബസ് ഓണേഴ്‌സ് ഭാരവാഹികളായ യു.കെ. മുഹമ്മദ്, ബാബു പൊന്നാനി, പ്രബുൽ ഒലിയിൽ, ബാബു സിന്ദൂരം, എ.എം.വി.ഐ. അഷ്‌റഫ് സൂർപ്പിൽ, സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, കെ.എൻ.ആർ.സി.എൽ. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.