ചങ്ങരംകുളം : ജൽജീവൻ പദ്ധതിയുടെ പൈപ്പിടാനായി ചാലുകീറിയവ മണ്ണിട്ടുമൂടാത്തതിനാൽ വലിയ കുഴികളായി.മഴ പെയ്തതോടെ നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടു. നിരവധി വാഹനങ്ങളാണ് കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത്. ചിറവല്ലൂർ റോഡ്, നരണിപ്പുഴ റോഡ്, എടപ്പാൾ-കുന്നംകുളം റോഡ് എന്നിവിടങ്ങളിലാണ് വലിയ രീതിയിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ബൈക്കുകൾ മറിയുന്നത് നിത്യസംഭവമാണെന്നും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും നഗരത്തിലെ വ്യാപാരികൾ പറയുന്നു. അടിയന്തരമായി കുഴികൾ നികത്തി റോഡുകൾ നന്നാക്കണമെന്നും അവർ ആവശ്യപ്പെട്ടു.