കുറ്റിപ്പുറം : പുതുക്കിപ്പണിത ബസ് കാത്തിരിപ്പുകേന്ദ്രം സമൂഹവിരുദ്ധർ നശിപ്പിച്ചു.തിരൂർ റോഡിലെ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് മുന്നിലുള്ള കാത്തിരിപ്പുകേന്ദ്രമാണ് നശിപ്പിച്ചത്. ഇതിന്റെ വശങ്ങളിലെ ഇരുമ്പ് ഷീറ്റുകൾക്ക് മുകളിലുള്ള െഫ്ളക്സ് ഷീറ്റുകൾ കീറി നശിപ്പിച്ച നിലയിലാണ്.ഇരുമ്പുഷീറ്റ് മേഞ്ഞ മേൽക്കൂര തകർന്നതിനാൽ ഏറെക്കാലമായി മഴയും വെയിലുമേറ്റായിരുന്നു യാത്രക്കാർ ബസ് കാത്തിരുന്നത്.കാത്തിരിപ്പുകേന്ദ്രത്തിന്റെ ശോച്യാവസ്ഥയെപ്പറ്റി ഒക്ടോബറിൽ ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വാർഡംഗം ഷറഫലി ഇടപെട്ട് കുറ്റിപ്പുറം ഹീൽഫോർട്ട് ആശുപത്രിയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം അറ്റകുറ്റപ്പണികൾ നടത്തി പുനർനിർമിച്ച് നൽകിയതാണ്. ഈ കേന്ദ്രമാണ് ഇപ്പോൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചത്. ടെക്നിക്കൽ ഹൈസ്കൂൾ, നിളയോരം പാർക്ക്, സ്വകാര്യ ഓഡിറ്റോറിയം, വേട്ടക്കൊരു മകൻ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ആശ്രയകേന്ദ്രമാണിത്.