താനൂർ : നഗരസഭാ കേരളോത്സവത്തിലെ കലാ-സാഹിത്യ മത്സരങ്ങൾ പരിയാപുരം ജി.എൽ.പി. സ്കൂളിൽ നടന്നു. നഗരസഭാധ്യക്ഷൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷയായി. സംസ്ഥാന സ്കൂൾ കലോത്സവ താരം കെ. റോബിൻ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.പി. മുസ്തഫ, സി.കെ.എം. ബഷീർ, നാസിറ സിദ്ധീഖ്, കെ.പി. അലി അക്ബർ, കൗൺസിലർ ഷീന പള്ളത്ത്, പ്രഥമാധ്യാപിക ഇ.പി. രാധാമണി, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്പർശം കുന്നുംപുറം കലാമത്സരത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. സീമൻസ് താനൂർ രണ്ടാം സ്ഥാനവും നേടി.