എരമംഗലം : അടച്ചിട്ടവീട് കുത്തിത്തുറന്ന് വൻ കവർച്ചനടത്തിയ കേസിൽ പോലീസ് അന്വേഷണം ജില്ലയുടെ പുറത്തേക്ക്. അടുത്തിടെയായി പെരുമ്പടപ്പ്, പൊന്നാനി പോലീസ്‌സ്റ്റേഷൻ പരിധിയിലും തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിലും സമാനമായ രീതിയിലുള്ള കവർച്ചകൾ നടന്നിട്ടുണ്ട്. ഏകദേശം ഒരേ സ്വഭാവമാണ് ഈ കവർച്ചകൾക്കെല്ലാം. ഇതേത്തുടർന്നാണ് അന്വേഷണം തൃശ്ശൂർ ജില്ലയിലേക്കും സമാനമായ കവർച്ചകൾ നടന്നിട്ടുള്ള മറ്റു ജില്ലകളിലേക്കും നീളുന്നത്.
കവർച്ചയ്ക്ക് പിന്നിൽ വലിയ സംഘങ്ങളാവാമെന്ന നിഗമനത്തിലാണ് പോലീസ്. സി.സി.ടി.വികൾ കേന്ദ്രീകരിച്ചും മറ്റുമായി പഴുതടച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ബുധനാഴ്ച വൈകുന്നേരത്തോടെ മലപ്പുറത്തുനിന്നെത്തിയ ഡോഗ്സ്ക്വാഡ് പരിശോധന നടത്തി. ലൂണ എന്ന നായയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മോഷണം നടന്ന വീടിന് പുറകിലൂടെ ഇരുനൂറ് മീറ്ററോളം ലൂണ ഓടിനിന്നു. കവർച്ച നടന്നദിവസവും ചൊവ്വാഴ്ച രാത്രിയിലും കനത്തമഴ പെയ്തതിനാൽ കൂടുതൽ പരിശോധനയ്ക്ക് സാധ്യമായില്ല. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി സ്വദേശി ചെറുകുളത്തിൽ ഷംസുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീടിനകത്ത് സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണാഭരണവും രണ്ടുലക്ഷം രൂപയും ഐഫോൺ, സി.സി.ടി.വി.യുടെ ഡി.വി.ആറും, ഡയമൺഡ് ആഭരണവും, രണ്ട് ലാപ്‌ടോപ്, വൈഫൈ മോഡവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷണംപോയത്.
തിങ്കളാഴ്ച ഉച്ചയോടെ ഷംസുവിന്റെ ഭാര്യ ബസരിയയും രണ്ടുമക്കളും വീട് അടച്ചിട്ടുപോയതായിരുന്നു. ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. ബുധനാഴ്ച നടന്ന ഡോഗ്സ്ക്വാഡ് പരിശോധനയിൽ പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർമാരായ ടി. വിനോദും ഡേവിസും പങ്കെടുത്തു.