ചങ്ങരംകുളം : ചാലിശ്ശേരി സെയ്‌ന്റ് പീറ്റേഴ്സ് ആൻഡ് സെയ്‌ൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യൽദോ കാരൾ റോഡ് ഷോ നടത്തി. ഞായറാഴ്ച വൈകീട്ട് സന്ധ്യാപ്രാർത്ഥനക്കുശേഷം പള്ളിയിൽനിന്നാരംഭിച്ച റോഡ് ഷോയിൽ ഡി.ജെ. ലൈറ്റിന്റെ ദീപപ്രഭയിൽ പാപ്പാസംഘങ്ങൾ റാലിയിൽ അണിനിരന്നു. എൽ.ഇ.ഡി. മുത്തുക്കുടകൾ, സൺഡേ സ്കൂൾ വിദ്യാർഥികളുടെ ഫ്ളാഷ് മോബ്, സൈക്കിൾ സവാരി ചെയ്യുന്ന പാപ്പാമാർ, ഹൈഡ്രജൻ ബലൂണുകൾ, 100-ഓളം സാന്താക്ലോസ് എന്നിവർ റോഡ് ഷോയിൽ അണിനിരന്നു. യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലുള്ള തംബോർ വാദ്യവും ബാൻഡുമുണ്ടായി. യൂത്ത് അസോസിയേഷൻ പള്ളിയിൽ വൈദ്യുതദീപാലങ്കാരമുള്ള ക്രിസ്മസ് ട്രീയും ഒരുക്കി. പള്ളിയുടെ ചരിത്രത്തിലാദ്യമായി നടത്തിയ റോഡ് ഷോയിൽ പതിനൊന്നോളം കുടുംബയൂണിറ്റിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളിയിലെത്തിയപ്പോൾ ക്രിസ്മസ് സന്ദേശം, കലാപരിപാടികൾ, സമ്മാനവിതരണം, സ്നേഹവിരുന്ന് എന്നിവയുണ്ടായി. ചാലിശ്ശേരി ഇന്നുവരെ കാണാത്ത വിസ്മയക്കാഴ്ചകളുടെ ഒരു പുത്തൻ അനുഭവമായിരുന്നു കാരൾ റോഡ് ഷോ ഗ്രാമത്തിന് സമ്മാനിച്ചത്. ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജു മൂങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി, ഭക്തസംഘടനാ ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ക്രിസ്മസ് ശുശ്രൂഷകൾ ചൊവ്വാഴ്ച രാത്രി എട്ടിന് ആരംഭിക്കും.