തിരൂർ: ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ മണ്ണ് ആദ്യകാലത്ത് കാടുമൂടികിടക്കുകയായിരുന്നു. വർഷത്തിലൊരിക്കൽ നവരാത്രികാലത്ത് മാത്രം നാട്ടുകാരിവിടെ ഒത്തുകൂടി ഉത്സവപ്പറമ്പിലെപോലെ ചില കാർണിവെലുകൾ സംഘടിപ്പിക്കുമായിരുന്നു.പിന്നീട് അടുത്ത വർഷവും ഇൗ ഒത്തുകൂടൽ തുടരും. ഇതായിരുന്നു ആദ്യകാലത്തെ തുഞ്ചൻപറമ്പ്.ചിലർ കുട്ടികളെ എഴുത്തിനിരുത്താനും കൊണ്ടുവരുമായിരുന്നു. 1964-ൽ കെ.പി. കേശവമേനോൻ പ്രസിഡന്റും പുന്നക്കൽ കുട്ടിശങ്കരൻ നായർ സെക്രട്ടറിയുമായി തുഞ്ചൻ സ്മാരക മാനേജ്മെൻറ് കമ്മിറ്റി നിലവിൽ വന്നതോടെയാണ് തുഞ്ചൻപറമ്പിന് പുതിയ ദിശാബോധമുണ്ടാകുന്നത്.കെ.പി. കേശവമേനോൻ പ്രസിഡന്റായി 1967 നവംബർ 11-ന് വീണ്ടും കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ എം.ടി. വാസുദേവൻ നായർ തുഞ്ചൻ മാനേജ്മെന്റ് കമ്മിറ്റി അംഗമായി. അന്നുമുതൽ തുഞ്ചൻപറമ്പിന്റെ വികസനകാര്യത്തിൽ എം.ടി.യുടെ കൈയൊപ്പുണ്ടായിരുന്നു.1992 ഡിസംബർ 17-ന് നിലവിൽ വന്ന പുതിയ അഡ്ഹോക് കമ്മിറ്റിയിൽ എം.ടി. ചെയർമാനാകുകയും ചെയ്തു. തുഞ്ചൻ സ്മാരക ട്രസ്റ്റായി കമ്മിറ്റി മാറിയതുമുതൽ മരണംവരെ എം.ടി. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായി തുടരുകയായിരുന്നു. തുഞ്ചൻപറമ്പിനെ തുഞ്ചൻപറമ്പാക്കി മാറ്റിയത് എം.ടി.യുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.കാർണിവെലിനു പകരം പാരമ്പര്യ എഴുത്താശാന്മാരും മലയാളഭാഷയിൽ പ്രാവീണ്യമുള്ള എഴുത്തുകാരും ഇവിടെ വിജയദശമിനാളിൽ ജാതിമതഭേദമന്യേ കുട്ടികൾക്ക് എഴുത്തിനിരുത്താൻ തുടങ്ങിയതോടെ എം.ടി.യുടെ നേതൃത്വത്തിൽ തുഞ്ചൻപറമ്പ് ഭാഷയുടെ വളർച്ചക്കുതകുന്ന മണ്ണായി മാറി.അതോടെ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് കുട്ടികളെ ഹരിശ്രീ കുറിക്കാൻ ഇവിടെ കൊണ്ടുവന്നുതുടങ്ങി.കൃഷ്ണശിലാമണ്ഡപത്തിനുപുറമേ സരസ്വതീമണ്ഡപവും നിർമ്മിച്ചതോടെ വിദ്യാരംഭ കലോത്സവവും വിദ്യാരംഭവും നാടാകെ അറിയപ്പെട്ടു. ഒക്ടോബർ മാസത്തിൽ എം.ടി.യുടെ നേതൃത്വത്തിൽ തുഞ്ചൻ സാഹിത്യോത്സവവും കലോത്സവവും സജീവമായി ആരംഭിച്ചു. സർക്കാരിൽനിന്ന് ധനസഹായം നേടാനും എം.പി.മാരുടെയും എം.എൽ.എ.മാരുടെയും ഫണ്ട് നേടിയെടുക്കാനും എം.ടി.ക്ക് കഴിഞ്ഞു.തനിക്ക് ലഭിക്കുന്ന അവാർഡ് തുക തുഞ്ചൻപറമ്പിന്റെ വികസനപ്രവർത്തനത്തിന് ചെലവഴിക്കാനും എം.ടി.ക്ക് കഴിഞ്ഞു. വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുള്ള തുഞ്ചൻപറമ്പിലെ ലൈബ്രറി വായനക്കാർക്കും ഗവേഷകവിദ്യാർഥികൾക്കും അനുഗ്രഹവുമാണ്.