എടപ്പാൾ : ജ്ഞാനപീഠം പുരസ്കാരലബ്ധിയുടെ പിറ്റെന്നാൾ കൂടല്ലൂരിലെപ്പോലെ വള്ളുവനാടൻ ഗ്രാമത്തിൽ എം.ടി.യെന്ന മഹാകഥാകാരന് സ്വീകരണം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ശുകപുരം.എം.ടി.യെന്ന വിശ്വസാഹിത്യകാരൻ കഥകളും വാക്കുകളും ബാക്കിയാക്കി അനശ്വരതയിലേക്ക് മടങ്ങുമ്പോൾ ആ ഗ്രാമത്തിൽ അന്ന് സ്വീകരണത്തിൽ പങ്കെടുത്തവരിൽ പലരിലും അന്നത്തെ ഓർമകൾ ഒട്ടും മങ്ങലേൽക്കാതെ തെളിയുകയാണ്.കേരള സാഹിത്യ അക്കാദമിയും ശുകപുരത്തെ സാംസ്കാരിക സംഘടനയായ സാർക്കുംചേർന്ന് നടത്തിയ സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്താനെത്താനിരിക്കെയാണ് ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിക്കുന്നത്.അങ്ങനെയാണ് ആ പരിപാടി അദ്ദേഹത്തിനുള്ള ആദ്യ സ്വീകരണമായി മാറുന്നത്. അദ്ദേഹത്തിന്റെ കഥകളെപ്പോലെ പൂതനും തിറയും വാദ്യങ്ങളുമെല്ലാമായ മനോഹരമായ അന്തരീക്ഷത്തിലായിരുന്നു അന്ന് അദ്ദേഹത്തെ വരവേറ്റത്.‘എവിടെനിന്നോ ആരംഭിച്ച് എവിടേക്കോ ഒഴുകിക്കൊണ്ടിരിക്കുന്ന പ്രകാശത്തിന്റെ പ്രവാഹമാണ് സാഹിത്യമെന്നും ആ പ്രകാശരേണുക്കളുടെ സ്രോതസ്സുകളാണ് സാഹിത്യകാരന്മാരെന്നു’മുള്ള അന്നത്തെ സമ്മേളനത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ പിന്നീട് പതിറ്റാണ്ടുകളിലൂടെ ലോകമലയാളി അനുഭവിച്ചറിയുകയായിരുന്നു.അതിന് മുൻപുതന്നെ നിർമാല്യമെന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ശുകപുരത്തെത്തിയിട്ടുണ്ട്.നിർമാല്യത്തിൽ വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളി ദേശീയ പുരസ്കാരംനേടിയ പി.ജെ. ആന്റണിക്ക് നൃത്തച്ചുവടുകൾ പഠിപ്പിച്ചത് ഈ ക്ഷേത്രത്തിലെ അന്നത്തെ കോമരമായിരുന്ന പരേതനായ കാട്ടിനാട്ടിൽ ഗോപാലൻ നായരായിരുന്നു.ദേവനോ ദേവിക്കോവേണ്ടി സംസാരിക്കുന്ന വെളിച്ചപ്പാടിനെപ്പോലെത്തന്നെയാണ് സാഹിത്യവുമെന്ന് അദ്ദേഹം പറഞ്ഞുവെച്ചിരുന്നു.എവിടെനിന്നോ ഉള്ള ചില നിയോഗങ്ങൾ, സ്വരങ്ങൾ, വെളിപാടുകൾ അക്ഷരങ്ങളിലൂടെ രൂപം കൊള്ളുന്നതല്ലേ സാഹിത്യമെന്നും.ശുകപുരത്തെ കവിമാഷായിരുന്ന പി.എം. പള്ളിപ്പാടുമായുള്ള സൗഹൃദമായിരുന്നു അന്നത്തെ സന്ദർശനത്തിലും അദ്ദേഹത്തെ ആഹ്ലാദവാനാക്കിയത്.പിന്നീട് പള്ളിപ്പാടിന്റെ 84-ാം പിറന്നാളിന് എം.ടി. ശുകപുരത്തെത്തിയതിന്റെ ഓർമകളും ബാക്കിവെപ്പുകളും അന്ന് അച്ഛനൊപ്പം എല്ലാത്തിനും കൂടെയുണ്ടായിരുന്ന മകൻ ആത്മജൻ പള്ളിപ്പാടും മറ്റുള്ളവരും നിധിപോലെ മനസ്സിൽ സൂക്ഷിക്കുന്നു.