താനൂർ : സി.പി.എം. ജില്ലാ സമ്മേളനത്തിന് താനൂരിൽ കൊടിയുയർന്നു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് സമ്മേളനം.ബുധനാഴ്ച രാവിലെ 9.30-ന് മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി പതാക ഉയർത്തും. 10-ന് പ്രതിനിധിസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി.കെ. ബിജു, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും, വൈകീട്ട് പൊതുചർച്ചയും നടക്കും.
വ്യാഴാഴ്ച പൊതുചർച്ച തുടരും. തുടർന്ന് ചർച്ചയ്ക്കുള്ള മറുപടി. മൂന്നാംദിനമായ വെള്ളിയാഴ്ച ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, സംസ്ഥാന സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുക്കൽ, ജില്ലാകമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കൽ എന്നിവ നടക്കും. വൈകീട്ട് നാലിന് താനൂർ ഹാർബർ പരിസരത്തുനിന്ന് ചുവപ്പ് വൊളന്റിയർ മാർച്ചും താനൂർ ബീച്ച് റോഡ് ഗ്രൗണ്ടിൽനിന്ന് പൊതു പ്രകടനവും ആരംഭിക്കും. വൈകീട്ട് 5.30-ന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.പൊതുസമ്മേളന നഗരിയായ ചീരാൻ കടപ്പുറത്തെ സീതാറാം യെച്ചൂരി നഗറിൽ ഉയർത്താനുള്ള പതാക പൊന്നാനിയിലെ ഇ.കെ. ഇമ്പിച്ചിബാവയുടെ പത്‌നി ഫാത്തിമ ഇമ്പിച്ചിബാവയിൽനിന്ന് ജാഥാ ക്യാപ്റ്റൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ജില്ലാ കമ്മിറ്റി അംഗം പി. ജ്യോതിഭാസ് അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, പ്രൊഫ. എം.എം. നാരായണൻ, അഡ്വ. ഇ. സിന്ധു, കൂട്ടായി ബഷീർ എന്നിവർ പങ്കെടുത്തു. നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ പതാക സമ്മേളന നഗരിയിലെത്തിച്ചു.കൊടിമരം ദീർഘകാലം തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായിരുന്ന പി. പരമേശ്വരൻ എമ്പ്രാന്തിരിയുടെ വസതിയിൽനിന്നും, സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖ ദീർഘകാലം താനൂർ ഏരിയാ സെക്രട്ടറിയായിരുന്ന ഇ. ഗോവിന്ദന്റെ വസതിയിൽനിന്ന് ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഖലിമുദ്ദീൻ ക്യാപ്‌റ്റനായ പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ ക്യാപ്റ്റനായ കൊടിമരജാഥാ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ ഇ. ഗോവിന്ദന്റെ വസതിയിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി.
സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു റിലേ ഉദ്ഘാടനംചെയ്തു. മൂന്ന് ജാഥകളും പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു.സ്വാഗതസംഘം ചെയർമാൻ മന്ത്രി വി. അബ്ദുറഹ്‌മാൻ പതാക ഉയർത്തി.സി.പി.എം. ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് താനൂരിലെ പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (ചീരാൻ കടപ്പുറം) സംഘാടകസമിതി ചെയർമാൻ മന്ത്രി വി. അബ്ദുറഹ്‌മാൻ പതാക ഉയർത്തുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. നന്ദകുമാർ എം.എൽ.എ, വി.പി. സാനു, സ്വാഗതസംഘം കൺവീനർ ഇ. ജയൻ, ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് തുടങ്ങിയവർ സമീപം