എടപ്പാൾ : പുഞ്ചക്കൃഷിയിറക്കാനുള്ള ഒരുക്കങ്ങളുമായി കർഷകർ മുന്നോട്ടുപോകുന്നതിനിടയിലുണ്ടായ ബണ്ടിലെ വിള്ളൽ കർഷകരെ ആശങ്കയിലാക്കുന്നു. എടപ്പാൾ അയിലക്കാട് തേരേറ്റ് കായൽ കോൾപ്പടവിലെ ബണ്ടിലാണ് അപകടകരമായ രീതിയിൽ വിള്ളലുണ്ടായിട്ടുള്ളത്.പത്തുവർഷം മുൻപ് പൊന്നാനി കോളിന്റെ വികസനത്തിനനുവദിച്ച 120 കോടി രൂപ പദ്ധതിയിലുൾപ്പെടുത്തി ഈ ബണ്ട് കെട്ടിയത്. ഇതിനുശേഷം 180-ഓളം ഏക്കർ പുഞ്ചക്കൃഷി ഇവിടെ വിജയകരമായി നടത്തിവരുന്നു. 80 കർഷകരുടെ ഉപജീവനമാർഗംകൂടിയാണ് ഈ കൃഷി. ഈ വർഷം വെള്ളംവറ്റിച്ച് നിലമൊരുക്കി പകുതിയോളം ഭാഗത്ത് ഞാർ നട്ടുകഴിഞ്ഞു. ശേഷിക്കുന്ന വയലിൽ കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയ സമയത്താണ് ബണ്ടിലെ വിള്ളൽ കർഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ആദ്യദിനങ്ങളിൽ ചെറിയ രീതിയിലായിരുന്നു വിള്ളലെങ്കിൽ ദിവസം കഴിയുംതോറും ഇതുകൂടി വന്നു. ഇപ്പോൾ 30 മീറ്ററോളം നീളത്തിലാണ് വിള്ളൽ. ബണ്ടിനടിയിലെ മണ്ണ് ഇളകി പോയതാവാം ബണ്ടിലെ വിള്ളലിന് കാരണമെന്നാണ് സ്ഥലം സന്ദർശിച്ച കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ പറയുന്നത്. ഇനിയും വിള്ളൽ വലുതായാൽ ബണ്ട് മൊത്തം പൊട്ടി കൃഷിയിടത്തിലേക്ക് വെള്ളംകയറി ഈ വർഷത്തെ കൃഷിതന്നെ അപകടത്തിലാകുമെന്നതിനാൽ അടിയന്തര നടപടികളിലേക്ക് കൃഷിവകുപ്പും ഗ്രാമപ്പഞ്ചായത്തും കടന്നിട്ടുണ്ട്. ഈ വർഷത്തെ കൃഷിയെ തത്‌കാലം ഇങ്ങനെ രക്ഷിക്കാമെങ്കിലും അടുത്ത വർഷത്തേക്ക് ബണ്ട് ബലപ്പെടുത്താൻ വിപുലമായ പദ്ധതികൾ വേണ്ടിവരുമെന്ന് കോൾപ്പടവ് കമ്മിറ്റി പ്രസിഡന്റ് പി. ഹൈദരലി പറഞ്ഞു.
ബണ്ടിന്റെ വശങ്ങളിൽ മുളങ്കുറ്റികൾ സ്ഥാപിച്ച് വൈക്കോലും ചണ്ടിയുംനിറച്ച് മണ്ണുപയോഗിച്ച് വശങ്ങൾ ബലപ്പെടുത്തുന്ന പണിയാണ് ചെയ്യുന്നത്. ഇതോടെ ഇനി ബണ്ട് വിള്ളാതെ പിടിച്ചുനിർത്താനാകുമെന്നാണ് പ്രതീക്ഷ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ, കെ.എൽ.ഡി.സി. അസി. എൻജിനീയർ കെ. ബാബു, പാടശേഖരസമിതി ഭാരവാഹികളായ അലി. പി. ഹൈദരാലി, കെ.എ. ജയാനന്ദൻ എന്നിവർ സ്ഥലം സന്ദർശിച്ചു തുടർനടപടികളെടുത്തതോടെ കർഷകർക്ക് താത്‌കാലികാശ്വാസമായിട്ടുണ്ട്.