തിരൂർ : തിരൂരിലെ സിവിൽ സ്റ്റേഷൻ കവാടത്തിൽ തണൽ വിരിച്ചുനിൽക്കുന്ന ആൽമരം കാൽനൂറ്റാണ്ടിന്റെ കഥ പറയും. കേരള എൻ.ജി.ഒ. യൂണിയൻ തിരൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം മുമ്പ്, 1999 ഡിസംബർ 31-ന് നട്ടുപിടിപ്പിച്ചതാണ് ഈ ആൽമരം. അതു നടാൻ ഭാഗ്യം ലഭിച്ചത് അന്നത്തെ ആർ.ഡി.ഒ. നാരായണൻകുട്ടി കോഴിശ്ശേരിക്ക്.ആ മുഹൂർത്തം ഓർത്തെടുത്ത് ചൊവ്വാഴ്ച കേരള എൻ.ജി.ഒ. യൂണിയൻ നാരായണൻകുട്ടിയെ അതിഥിയായി കൊണ്ടുവന്ന്‌ ആൽമരച്ചുവട്ടിൽ ആദരിച്ചു. സബ് കളക്ടർ ദിലീപ് കെ. കൈനിക്കരയുടെ സാന്നിദ്ധ്യത്തിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ. രാജേഷ് പൊന്നാട അണിയിച്ചു.

കേരള സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി സിവിൽ സ്റ്റേഷൻ പരിസരം സൗന്ദര്യവത്കരിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിനൊപ്പമാണ് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ആൽമരത്തിനും അതു നട്ട നാരായണൻകുട്ടിക്കും ആദരവ്‌ നൽകിയത്.സബ് കളക്ടർ പരിപാടി ഉദ്ഘാടനം ചെയ്തു. ജ്വാല കലാകായിക സംഘടനയുടെ കൺവീനർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ. യൂണിയൻ മുൻ ജില്ലാ പ്രസിഡൻറ് ടി.എം. ഋഷികേശൻ, തിരൂർ തഹസിൽദാർ ആഷിഖ്, യൂണിയൻ ഏരിയാ സെക്രട്ടറി പി. വിജയൻ, പ്രസിഡന്റ് സി.എൻ. മിലാഷ് എന്നിവർ സംസാരിച്ചു. മുൻ ഡെപ്യൂട്ടി കളക്ടർ പി.കെ. രമ, മുൻ തഹസിൽദാർ പി. ഉണ്ണി എന്നിവരും പങ്കെടുത്തു. തുടർന്ന് ജീവനക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു.തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തണലേകുന്ന വലിയ ആൽമരത്തിനു ചുറ്റും വേലി കെട്ടുകയും പുല്ലുവെച്ചുപിടിപ്പിക്കുകയും ചെയ്തു. അതിനോടു ചേർന്നുള്ള മതിൽ പെയിന്റ് ചെയ്തിട്ടുമുണ്ട്‌. ജീവനക്കാർക്കും പൊതുജനങ്ങൾക്കും വിശ്രമിക്കാനുതകുന്നതാണിത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *