തിരൂർ : ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് ജാറത്തിനു മുൻപിൽ വലിയ കൊടിയേറ്റി. കഞ്ഞിക്കാരുടെ വരവോടെ തുടങ്ങിയ നേർച്ച ചൊവ്വാഴ്ച പുലർച്ചെ വാക്കാട്ടുനിന്ന് പുറപ്പെടുന്ന ചാപ്പക്കാരുടെ വരവ് ബുധനാഴ്ച പുലർച്ചെ നാലിന് ജാറത്തിലെത്തുന്നതോടെ ജാറത്തിനു മുൻപിൽ കമ്പം കത്തിച്ച് സമാപിക്കും. നേർച്ചയ്ക്ക് പത്ത് ആനകളും നാൽപ്പതോളം പെട്ടിവരവുകളുമുണ്ട്. ഞായറാഴ്ച രാവിലെ ബി.പി. അങ്ങാടി മാർക്കറ്റിൽനിന്ന് നൂറുകണക്കിനു ചാക്ക് അരിയുമായി കഞ്ഞിക്കാരുടെ വരവ് ജാറത്തിലെത്തി കഞ്ഞിവെച്ച് കഞ്ഞിപ്പാർച്ച നടത്തിയതോടെയാണ് നേർച്ച തുടങ്ങിയത്.
വൈകീട്ട് നാലോടെ തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് വാദ്യമേളങ്ങൾക്കുശേഷം ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ നേർച്ചക്കൊടി, നേർച്ചക്കമ്മിറ്റി ഭാരവാഹികളായ കല്ലിങ്ങൽ സിദ്ദീഖ്, കെ.പി. ബാപ്പു എന്നിവർക്കു കൈമാറി. കൊടി കൈമാറ്റത്തിനു മുൻപ് പോലീസ് സ്റ്റേഷൻ വളപ്പിൽ കോൽക്കളി, ചെണ്ടമേളം, ബാൻഡ്‌മേളം, ചീനിമുട്ട് എന്നിവയുണ്ടായി.
വാദ്യമേളങ്ങളോടെ നെറ്റിപ്പട്ടംകെട്ടിയ 10 ആനകളുടെ അകമ്പടിയോടെ കൊടിവരവ് ജാറത്തിലേക്ക് പുറപ്പെട്ടു. നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികളായ കല്ലിങ്ങൽ സിദ്ദീഖ്, കെ.പി. ബാപ്പു, കിഴക്കിനിയകത്ത് ഷുക്കൂർ, തിരൂർ ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ, പോലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനീഷ്, തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ബാബു, ടി. ഷാജി, സി.പി. ബാപ്പുട്ടി, മനോജ് പാറശ്ശേരി, പി. മുഹമ്മദലി, ടി. ഷാജി, പിൻപുറത്ത് ശ്രീനിവാസൻ, അഡ്വ. സന്തോഷ്‌കുമാർ, കെ. രാഗേഷ് എന്നിവർ നേതൃത്വംനൽകി.
കൊടിയേറ്റവരവ് പോലീസ് സ്റ്റേഷൻ വളപ്പിൽനിന്നു തുടങ്ങി പൂഴിക്കുന്നിൽ പോയി തിരിച്ച് ജാറത്തിലെത്തി. നേർച്ചയുടെ കൊടി മഖ്ബറയിലെ പ്രത്യേക പ്രാർഥനയ്ക്കു ശേഷം പരമ്പരാഗത അവകാശികൾ കൊടിത്തറയിൽ എത്തിച്ചു. തുടർന്ന് വടക്കേതൊടുവിൽ ഹംസയുടെ കുടുംബാംഗങ്ങളും നേർച്ചക്കമ്മിറ്റി ഭാരവാഹികളും ചേർന്ന് കൊടിയേറ്റി.