പൊന്നാനി : ദേശീയപാത നിർമാണത്തോടനുബന്ധിച്ച് പുതുപൊന്നാനിയിലുണ്ടായ ഗതാഗതപ്രതിസന്ധി പരിഹരിക്കാനാവശ്യമായ ബദൽ സംവിധാനമൊരുക്കാൻ ദേശീയപാത അതോറിറ്റി കൊച്ചിൻ പ്രോജക്ട് മാനേജരോട് ആവശ്യപ്പെടാൻ നഗരസഭാ ട്രാഫിക് ക്രമീകരണസമിതി യോഗം തീരുമാനിച്ചു.

പടിഞ്ഞാറുഭാഗത്ത് നിലവിലുള്ള സർവീസ് റോഡിലൂടെ ഇരുഭാഗത്തേക്കും ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആവശ്യമായ സൗകര്യമൊരുക്കുന്നതിനും പുതുപൊന്നാനി ഭാഗത്തുള്ള മേൽപ്പാലങ്ങളുടെ സ്പാനുകൾക്കിടയിലൂടെ വാഹനങ്ങൾ ചുറ്റി വരാവുന്ന തരത്തിൽ റോഡ്‌ വിപുലീകരണം നടത്തി സൗകര്യമൊരുക്കണമെന്നും ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.

കൊല്ലൻപടിയിലെ കവിമുറ്റം പാർക്ക് ചുറ്റി ബസുകൾക്ക് പോകാൻ കഴിയുന്ന വിധത്തിൽ കവിമുറ്റത്തെ പാർക്കിങ് നിയന്ത്രിക്കാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ഗതാഗത, പോലീസ് വകുപ്പുകൾ പരിശോധന നടത്തും. നിളയോര ടൂറിസം പാതയിലൂടെ ചരക്കുവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഹൈലൈറ്റ് സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. കുണ്ടുകടവ് ജങ്ഷനിലെ വലിയ വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിക്കും.

യോഗത്തിൽ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷൻ ഒ.ഒ. ഷംസു, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്‌റഫ് സൂറപ്പിൽ, സബ് ഇൻസ്‌പെക്ടർ ടി.ഡി. അനിൽ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എൻജിനീയർ ദിനീഷ്, പൊതുമരാമത്ത് ദേശീയപാത ഡിവിഷൻ എൻജിനീയർ ലസിത, ഡെപ്യൂട്ടി തഹസിൽദാർ പി.കെ. സുരേഷ്, നഗരസഭാ സെക്രട്ടറി സജിറൂൺ എന്നിവർ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *