കുറ്റിപ്പുറം : ടൗൺ ബസ്‌സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സിന്റെ ഡി.പി.ആർ. തയ്യാറാക്കിയ ഊരാളുങ്കലുമായി പഞ്ചായത്ത് സെക്രട്ടറി ഉപകരാറിൽ ഒപ്പുവെച്ചു. തൃശ്ശൂർ ജില്ലയിയിലേക്ക് സ്ഥലംമാറിപ്പോകുന്ന സെക്രട്ടറി എം. പ്രദീപ്‌കുമാർ ഒപ്പുവെച്ച കരാർ പ്രസിഡന്റ് നസീറ പറതൊടിക്ക് കൈമാറി.വൈസ് പ്രസിഡന്റ് വേലായുധൻ, വാർഡംഗം പരപ്പാര സിദ്ദീഖ് എന്നിവരും പങ്കെടുത്തു. പ്രദീപ്കുമാറിന്റെ നിശ്ചയദാർഢ്യമാണ് കരാറിൽ ഒപ്പുവെക്കാൻ വഴിയൊരുങ്ങിയത്.
കഴിഞ്ഞദിവസം ഊരാളുങ്കലുമായി അദ്ദേഹം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപകരാർ കൊറിയറിൽ ബുധനാഴ്ച വൈകീട്ട് നാലേമുക്കാലോടെ ഓഫീസിലെത്തിയത്.ഇതിൽ ഒപ്പുവെച്ചതിനുശേഷമാണ് സെക്രട്ടറി യാത്രയയപ്പുയോഗത്തിൽ പങ്കെടുത്തത്. നവംബർ ആറിന് നടന്ന ഭരണസമിതി യോഗത്തിലാണ് ഡി.പി.ആർ. തയ്യാറാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാനുള്ള 14 ലക്ഷം രൂപ നൽകാനുള്ള തീരുമാനമുണ്ടായത്.
എന്നാൽ, തുക നൽകണമെങ്കിൽ ഊരാളുങ്കലുമായി സപ്ളിമെന്ററി കരാർ ഉണ്ടാക്കണമെന്ന് പഞ്ചായത്തധികൃതർ നിർദേശിച്ചു. ഇതേത്തുടർന്നാണ് ഭരണസമിതി കരാർ തയ്യാറാക്കാൻ അനുമതിനൽകിയത്. സപ്ളിമെന്ററി കരാറിൽ ഒപ്പുവെക്കുകയും നിലവിൽ ലഭിക്കാനുള്ള തുക ലഭിക്കുകയും ചെയ്താൽ മാത്രമേ ഊരാളുങ്കൽ മണ്ണുപരിശോധന ആരംഭിക്കുകയുള്ളൂ.
മണ്ണുപരിശോധനയ്ക്കുശേഷമാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുക. ഈ പദ്ധതിയുമായി പഞ്ചായത്ത് ഭരണസമിതി ഒച്ചിഴയും വേഗത്തിൽ നീങ്ങാൻ തുടങ്ങിയിട്ട് മൂന്നുവർഷമായി. പദ്ധതി എങ്ങുമെത്താത്തതിനെതിരേ വലിയ വിമർശനമാണ് ഭരണസമിതിക്കുനേരേ ഉയർന്നിരുന്നത്. ഇനി പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടാണ് തയ്യാറാക്കേണ്ടത്. അതിനുശേഷം പദ്ധതിയുടെ ചെലവുസംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കും. പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കാൻ 25 ലക്ഷവും പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് രണ്ടുകോടിയുമാണ് ഈ സാമ്പത്തികവർഷത്തിലെ ബജറ്റിൽ ഭരണസമിതി വകയിരുത്തിയിരിക്കുന്നത്.