കുറ്റിപ്പുറം : ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ഹൈവേ ജങ്ഷനിൽനിന്ന് തിരൂർ റോഡിലേക്ക് പുതിയ ബൈപ്പാസ് റോഡ് നിർമിച്ചത് യാത്രക്കാർക്ക് സഹായമായി. ഹൈവേ ജങ്ഷന്റെ ഇടതുഭാഗത്തുകൂടിയാണ് പുതിയ ബൈപ്പാസ് നിർമിച്ചിരിക്കുന്നത്. വലതുഭാഗത്തുകൂടി തിരൂർ റോഡിലേക്ക് നിലവിൽ ബൈപ്പാസ് റോഡുണ്ട്. നിലവിലെ ദേശീയപാത ആറുവരിപ്പാതയിലേക്കു മാറുമ്പോൾ പഴയ റെയിൽവേ മേൽപ്പാലത്തിലൂടെ തിരൂർ റോഡിലേക്ക് വരുന്ന വാഹനങ്ങൾക്ക് പുതിയ ബൈപ്പാസ് വഴി കടന്നുപോകാം. പഴയ ബൈപ്പാസിലൂടെ തിരൂർ റോഡിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ഹൈവേ ജങ്ഷൻ വഴി പഴയ ദേശീയപാതയിലൂടെ കടന്ന് പഴയ കുറ്റിപ്പുറം പാലം വഴി പുതിയ ആറുവരിപ്പാതയിലേക്കും കുറ്റിപ്പുറം നഗരത്തിലേക്കും പ്രവേശിക്കാം. തിരൂർ റോഡിൽനിന്ന് പുതിയ ബൈപ്പാസ് റോഡുവഴി വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്കും കയറാവുന്ന രീതിയിലാണ് പുതിയ ബൈപ്പാസ് റോഡിന്റെ നിർമാണം.