താനൂർ : വർഷങ്ങളായി തകർച്ചയിലുള്ള ചിറയ്ക്കൽ കെ.പി.എൻ.എം. യു.പി. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ താനൂർ നഗരസഭാ സെക്രട്ടറിക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. വിദ്യാലത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ 2024 നവംബർ അഞ്ചിന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 1950-ൽ കോഴിശ്ശേരി കേശവൻ നായർ മാനേജരായി പ്രവർത്തനം തുടങ്ങിയ വിദ്യാലയമാണിത്. 1985-ൽ മാനേജരുടെ മരണത്തിനു ശേഷം മാനേജ്മെൻറ് കുടുംബങ്ങൾ തമ്മിൽ വസ്തുസംബന്ധമായ തർക്കങ്ങളിൽ കേസുകൾ നിലനിൽക്കുന്നു.
സർക്കാരും, എയ്ഡഡും അല്ലാത്ത അവസ്ഥയിൽ വിദ്യാലയം 40 വർഷം പിന്നിടുകയാണ്. സർക്കാർ ഫണ്ടുകൾ വിനിയോഗിക്കാൻ സാധിക്കാത്തതാണ് സ്കൂളിന്റെ തകർച്ചയ്ക്ക് കാരണമായത്. മുൻപ് 800-ഓളം വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. വിദ്യാലത്തിന്റെ ശോച്യാവസ്ഥയിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തുടർന്ന് ഇപ്പോൾ 168 വിദ്യാർഥികൾ മാത്രമാണുള്ളത് 2024 ജൂൺ 13-ന് വിദ്യാലത്തിലെ സുരക്ഷാപ്രശ്നങ്ങളും അടിസ്ഥാനസൗകര്യക്കുറവും വിശദമായി പഠിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭയ്ക്ക് ഇപ്പോൾ നിർദ്ദേശംനൽകിയത്. ഹൈക്കോടതിയുടെ സഹായത്തോടെ നിയമതടസ്സങ്ങൾ ഒഴിവാക്കി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും പൂർത്തീകരിച്ച് മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും വിദ്യാർഥികളും.
ശുഭപ്രതീക്ഷയിൽ ചിറയ്ക്കൽ കെ.പി.എൻ.എം. യു.പി. സ്കൂൾ