ചമ്രവട്ടം : വൃശ്ചികപ്പുലരിയിൽ പുതുവെളിച്ചം പ്രതീക്ഷിക്കുകയാണ് ചമ്രവട്ടം ദേവസ്വം. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ഇവിടെ സ്ഥിരം ശബരിമല ഇടത്താവളം വേണമെന്നാണ് അയ്യപ്പഭക്തരുടെ കാലങ്ങളായുള്ള ആവശ്യം. കഴിഞ്ഞ മണ്ഡലകാലത്ത് വൈകിയാണെങ്കിലും ഡിസംബറിൽ ചമ്രവട്ടത്തെ താൽക്കാലിക ഇടത്താവളമായി പ്രഖ്യാപിച്ചിരുന്നു.
ഇത്തവണ തുടക്കത്തിൽ തന്നെ പ്രഖ്യാപനം കാത്തിരിക്കുകയാണ് ദേവസ്വവും ഭക്തരും. വടക്കൻ മലബാർ, കർണാടക, ആന്ധ്ര, തമിഴ്നാടിന്റെ ഒരു ഭാഗം എന്നിവിടങ്ങളിൽ നിന്ന് ശബരിമലയ്ക്ക് പോകുന്നവർ ഇപ്പോൾ ചമ്രവട്ടം പാതയെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
നടന്നു പോകുന്ന ഭക്തരും പൂർണമായി ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഇവർക്ക് രാത്രി തങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനുമെല്ലാമുള്ള സൗകര്യമാണ് ചമ്രവട്ടത്ത് ഇടത്താവളം പ്രഖ്യാപിച്ചാൽ സാധ്യമാകുക. ഇതിനുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കാനും സാധിക്കും. ഭാരതപ്പുഴയും ഇതിനുള്ള സാഹചര്യം ഒരുക്കുന്നു. കൂടാതെ മലബാറിലെ പ്രശസ്തമായ അയ്യപ്പക്ഷേത്രം എന്ന നിലയിലും ആളുകൾ ഇവിടെ കയറിയാണ് ശബരിമലയിലേക്കു പോകുന്നത്.
ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു തുരത്തിലാണ് ക്ഷേത്രമുള്ളത്. നിലവിൽ ജില്ലയിലെ പ്രധാന ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിൽ ദേശീയപാതയുടെ പണി നടക്കുന്നതു കാരണം സൗകര്യങ്ങൾ കുറവാണെന്നതിനാൽ ചമ്രവട്ടത്തെ തന്നെ പരിഗണിക്കേണ്ട സ്ഥിതിയുമുണ്ട്. ഇവിടെ ദേവസ്വത്തിന്റെ ചുറ്റിലുമായി ധാരാളം പുറമ്പോക്ക് ഭൂമിയുണ്ട്. റവന്യു, ജലസേചന വകുപ്പ്, മലബാർ ദേവസ്വം ബോർഡ് എന്നിവ ചേർന്ന് തീരുമാനമെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.