ചമ്രവട്ടം : പാലത്തിലെ കടന്നൽക്കൂടുകൾ കാൽനടയാത്രക്കാർക്കും സമീപത്തുള്ളവർക്കും ഭീഷണി. കഴിഞ്ഞ ദിവസം കൂടിളകി വന്ന കടന്നലുകൾ പാലത്തിനു സമീപത്തുണ്ടായിരുന്ന ലോട്ടറി വിൽപനക്കാരനെ കുത്തി. കടന്നൽ പിന്നാലെ പറന്നതോടെ 2 അതിഥിത്തൊഴിലാളികൾ ഭയന്ന് പുഴയിലേക്കു ചാടി. തിങ്കളാഴ്ച രാവിലെയാണു സംഭവം. ചമ്രവട്ടം പാലത്തിനടിയിലെ തൂണുകൾക്കു മുകളിലാണ് 6 ഭീമൻ കടന്നൽക്കൂടുകളുള്ളത്.
ഇതിലൊന്നിൽ പക്ഷിയോ മറ്റോ വന്നിടിച്ച് കടന്നലുകൾ കൂട്ടത്തോടെ ഇളകുകയായിരുന്നു. ഈ സമയം പാലത്തിനു മുകളിലൂടെ പോകുകയായിരുന്ന 2 അതിഥിത്തൊഴിലാളികളുടെ നേർക്ക് കടന്നലുകൾ കൂട്ടത്തോടെയെത്തി. ഇതോടെ ഇരുവരും ഓടി ചമ്രവട്ടം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെയെത്തി പുഴയിലേക്കു ചാടി. സൈതലവി എന്ന ലോട്ടറി വിൽപനക്കാരനെ കടന്നലുകൾ ആക്രമിച്ചു.
ദേഹത്ത് മുപ്പതോളം കുത്തുകളുണ്ട്. സൈതലവി കുത്തേറ്റ് പിടയുന്നതു കണ്ട് ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന സുന്ദരൻ ഓടിയെത്തി ഷീറ്റ് കൊണ്ട് പൊതിഞ്ഞു. ഇതിനിടെ സുന്ദരനും കുത്തേറ്റു. സംഭവമറിഞ്ഞ് കൂടുതൽ പേർ ഓടിയെത്തിയെങ്കിലും കടന്നലുകൾ പോകാതെ ഇവർക്ക് അടുക്കാൻ സാധിച്ചില്ല. കടന്നലുകൾ പോയ ശേഷമാണ് മറ്റുള്ളവർക്ക് അടുക്കാൻ സാധിച്ചത്. തുടർന്ന് കുത്തേറ്റവരെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
2 വർഷത്തോളമായി പാലത്തിൽ കടന്നലുകൾ കൂടുകൂട്ടിയിട്ട്. ഇടയ്ക്ക് ചമ്രവട്ടം പദ്ധതി വികസനത്തിന്റെ ഭാഗമായി ജലസേചന വകുപ്പ് ലക്ഷങ്ങൾ ചെലവിട്ട് പാലം മുഴുവൻ പെയിന്റ് അടിച്ചിരുന്നു. ഈ സമയത്തും കടന്നൽക്കൂട് ഇളക്കി മാറ്റിയില്ല. കൂടുള്ള ഭാഗത്തെ വഴിയിലൂടെയാണ് ഭക്തർ ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിലേക്ക് പോകുന്നത്. മണ്ഡലകാലം ആരംഭിച്ചാൽ ഈ വഴിയിൽ തിരക്ക് കൂടും. ഇതിനു മുൻപായി കടന്നൽക്കൂട് ഒഴിവാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ചമ്രവട്ടം ദേവസ്വം ഇന്നലെ പഞ്ചായത്തിൽ പരാതി നൽകി.