മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ രണ്ടാംവാർഡ് പരിധിയിലെ താമസക്കാരിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതോടെ നാല് തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ ഭരണസംവിധാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വളാഞ്ചേരി നഗരസഭയ്ക്ക് പുറമെ മാറാക്കര, എടയൂർ, ആതവനാട് പഞ്ചായത്തുകളിലെ ചില വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിലാണ്.
വളാഞ്ചേരി നഗരസഭയിലെ തോണിക്കൽ -(ഡിവിഷൻ 1), താണിയപ്പൻകുന്ന് -(ഡിവിഷൻ 2), കക്കാട്ടുപാറ -(ഡിവിഷൻ 3), കാവുംപുറം -(ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദുകുണ്ട് -(വാർഡ് 9), മലയിൽ -(വാർഡ് 11), നീരടി -(വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി -(വാർഡ് 17), ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ -(വാർഡ് 6) എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ പൊതുജനങ്ങൾ കൂട്ടംകൂടാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. മദ്രസകൾ, അങ്കണവാടികൾ എന്നിവയും പ്രവർത്തിപ്പിക്കരുത്.