എരമംഗലം : കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങളുടെ ഏറ്റവുംവലിയ ആശ്രയ കേന്ദ്രങ്ങളാണെന്ന് മന്ത്രി വി. അബ്‌ദുറഹ്‌മാൻ പറഞ്ഞു. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടസമുച്ചയം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നിപ, പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരിക്കാലത്ത് പൊതുജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്താൻ സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകൾക്ക് കഴിഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മാലിന്യസംസ്കരണം, ലൈഫ് ഭവനപദ്ധതി തുടങ്ങി സമസ്തമേഖലയിലും പഞ്ചായത്തുകളുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്. ഇതിൽ പെരുമ്പടപ്പ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഇടപെടൽ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് ഇ. സിന്ധു എന്നിവർ മുഖ്യാതിഥികളായിരുന്നു.