താനൂർ: വട്ടത്താണി കമ്പനിപ്പടിയിൽ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 7.30-നാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്ന് രാസവസ്തുക്കളുമായി തമിഴ്നാട്ടിലേക്കു പോകുന്ന ചരക്കുലോറി തിരൂരിൽനിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ലോറിഡ്രൈവർ തമിഴ്നാട് കരേകുടി സ്വദേശി മുത്തുകുമാറിന്(45) ഗുരുതരമായി പരിക്കേറ്റു. ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ് പുറത്തെടുത്തത്.
ഇദ്ദേഹത്തെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റുകയുംചെയ്തു. ബസ് ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
റോഡിന്റെ ഇടതുവശത്തേക്ക് നിയന്ത്രണംവിട്ട് പോയ ബസ് റോഡരികിലെ കരിമ്പ് ജ്യൂസ് കച്ചവടക്കാരന്റെ മിഷ്യനിൽ ഇടിച്ചു. ശേഷം റോഡിലെയും റെയിൽവേയുടെയും സുരക്ഷാവേലികൾ തകർത്ത് റെയിൽവേപാളത്തിനു സമീപത്താണ് നിന്നത്. ഈ സമയം പാളത്തിലൂടെ ട്രെയിൻ കടന്നുപോകുന്നുണ്ടായിരുന്നു. ബസ് പാളത്തിനരികിലായി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
തുടർന്ന് റെയിൽവേ പോലീസ് സേന സ്ഥലത്തെത്തി. ഈ സമയം ഇതുവഴി പോവേണ്ട ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്രെയിൻ ഉപയോഗിച്ച് ബസ് അപകടസ്ഥലത്തു നിന്നും മാറ്റിയതിനു ശേഷമാണ് ട്രെയിനുകൾ ഇതുവഴി കടന്നുപോയത്. രക്ഷാപ്രവർത്തനങ്ങൾക്ക് താനൂർ പോലീസും നാട്ടുകാരും താലൂക്ക് ദുരന്തനിവാരണ സേനയും നേതൃത്വംനൽകി.