Breaking
Wed. Apr 23rd, 2025

തിരൂർ: ജില്ലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന പ്രഖ്യാപനത്തോടെ 2013ൽ നിർമാണം ആരംഭിച്ച ചമ്രവട്ടത്തെ പുഴയോര സ്നേഹപാതയുടെ അവസ്ഥ പരിതാപകരം. മൂന്നരക്കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ പാർക്ക് ഒരു പതിറ്റാണ്ടുകൊണ്ട് തകർച്ചയിലെത്തിയിരിക്കുന്നു.

ചമ്രവട്ടത്ത് പാലവും റഗുലേറ്ററും വന്നതിന്റെ ഭാഗമായാണ് പുഴയോരത്ത് പാർക്കും നിർമിക്കാൻ തീരുമാനിച്ചത്. വിശ്രമകേന്ദ്രങ്ങൾ, വാച്ച് ടവർ, പൂന്തോട്ടം, ശുചിമുറികൾ, കമ്പിവേലികൾ, കച്ചവടകേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെ തയാറാക്കി. പുഴയോരത്തെ ഒരു കിലോമീറ്റർ നീളമുള്ള നടപ്പാതയായിരുന്നു പാർക്കിന്റെ ഏറ്റവും മികച്ച ഭാഗം. ഇതിനെല്ലാം പുറമേ പുഴയിൽ ബോട്ട് സർവീസ് നടത്താനുള്ള തീരുമാനവുമുണ്ടായിരുന്നു. ഇതിനുള്ള പരിശോധനയും നടന്നു.

എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടതോടെ എല്ലാം തകർന്നു കിടക്കുകയാണ്. കമ്പിവേലികൾ മുഴുവൻ തകർന്നു. അലങ്കാര ബൾബുകളെല്ലാം സാമൂഹിക വിരുദ്ധർ കവർന്നു കൊണ്ടുപോയി. ശുചിമുറികളും തകർന്നു കിടക്കുകയാണ്. വാച്ച് ടവർ തുരുമ്പെടുത്തും കെട്ടിടം തകർന്നും നശിച്ചുകൊണ്ടിരിക്കുന്നു. പൂന്തോട്ടമുണ്ടായിരുന്ന പാ‍ർക്ക് കാടുമൂടിക്കിടക്കുകയാണ്. മണൽ കടത്തുസംഘത്തിന് മണൽ കൊണ്ടുപോകാനുള്ള ഒരു വഴി മാത്രമായി ഇതുമാറി. കൂടാതെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രവുമായി.

റഗുലേറ്ററിനു ചോർച്ചയുള്ളതിനാൽ ബോട്ട് സർവീസ് ഇതുവരെ നടന്നിട്ടില്ല. പുഴയോരത്ത് ഇത്രയും മനോഹരമായ ഇടത്തെ പാർക്ക് ഉപയോഗയോഗ്യമാക്കാൻ അധികൃതർക്ക് ആയിട്ടില്ല. പ്രളയത്തിൽ തകർന്ന നടപ്പാതയുടെ പണി നടന്നതു മാത്രമാണ് ആകെ പറയാനുള്ളത്. എന്നാൽ ഇതുവഴി മണൽക്കടത്ത് സംഘത്തിന്റെ ലോറികളും മറ്റും കടന്നുപോകുന്നതിനാൽ പണി നടത്തിയ നടപ്പാത വീണ്ടും തകരുമെന്ന നിലയിലാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *